എടയാർ (കണ്ണൂർ): നവ കിരണം എന്ന് പേര് മാറ്റി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പഴയ റീ ലൊക്കേഷൻ പദ്ധതിയിൽ ക്രിത്രിമം നടത്തി എന്ന ആരോപണവുമായി കൊട്ടിയൂർ പഞ്ചായത്തിലെ കർഷകർ കോളയാട് പഞ്ചായത്തിലെ എടയാറിലുള്ള വനം വകുപ്പിൻ്റെ കൊട്ടിയൂർ റെയ്ഞ്ച് ഓഫീസ് ഉപരോധിച്ചു. നാട്ടുകാരും കർഷകരും നടത്തിയ സമരത്തിന് പിന്തുണയുമായി കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാകം, പദ്ധതി പ്രദേശം ഉൾപ്പെടുന്ന മേഖലയിലെ പഞ്ചായത്തംഗങ്ങളായ ജെസി ഉറുമ്പിൽ, തോമസ് ആമക്കാട്ട് എന്നിവരും എടയാറിൽ എത്തിയിരുന്നു. കൃഷി ഭൂമി വനം വകുപ്പിന് വിട്ടു കൊടുക്കാൻ സ്വയം സന്നദ്ധരായി അപേക്ഷ നൽകിയവരിൽ ഏറ്റവും അർഹരായവരെ അവഗണിച്ചു എന്നാണ് ആരോപണം. പദ്ധതിയിൽ കൃത്രിമം കാണിച്ചു എന്നും ആരോപണമുണ്ട്.' കൊട്ടിയൂർ പഞ്ചായത്തിലെ ചപ്പമല, കരിമ്പുകണ്ടം പ്രദേശങ്ങളിലെ കർഷകരാണ് വനം വകുപ്പിൻ്റെ കൊട്ടിയൂർ റേഞ്ച് ഓഫീസ് ഉപരോധിച്ചത്. വനാതിർത്തിയിൽ നിന്ന് വളരെ അകലെയുള്ളവരുടെ ഭൂമി ഏറ്റെടുത്ത് പണം നൽകി. വനത്തിന് അടുത്തുള്ള ഭൂമി ഏറ്റെടുക്കുന്നതിന് സാങ്കേതിക തടസം പറഞ്ഞ് പണം നൽകാതിരിക്കുകയും ചെയ്യുന്നു. വനാതിർത്തിയിൽ താമസിക്കുന്നവർ ഭീതിയോടെ കഴിയുമ്പോൾ അകലെയുള്ളവർ പണവും വാങ്ങി പോകുന്നു. ഈ നില തുടരാനാകില്ല എന്നും സമരക്കാർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ റെയ്ഞ്ച് ഓഫിസറുമായി നടത്തിയ ചർച്ചകൾക്ക് ശേഷം നവംബർ 12 ന് 2 മണിക്ക് കൊട്ടിയൂർ പഞ്ചായത്ത് ഓഫിസിൽ വച്ച് കർഷകരുടെയും വനം വകുപ്പ് ഉദ്യോഗസ്‌ഥരുടെയും യോഗം ചേരുമെന്ന് തീരുമാനിച്ചു. മുൻപ് റീ ലൊക്കേഷൻ എന്ന പേരിൽ നടപ്പിലാക്കിയിരുന്ന പദ്ധതി 2023 ൽ ആണ് നവകിരണം എന്ന് പേര് മാറ്റിയത്. വനാതിർത്തിയിലും സമീപ പ്രദേശങ്ങളിലും വന്യജീവികൾ കൃഷിയിടത്തിലിറങ്ങി ശല്യം സ്യഷ്ടിക്കുന്ന സാഹചര്യത്തിൽ അത്തരം ഭൂമി സ്വമേധയാ വിട്ടു നൽകാൻ തയാറാകുന്ന പക്ഷം പണം നൽകി വനം വകുപ്പ് ഏറ്റെടുക്കുനനതാണ് പദ്ധതി. വനത്തിനുള്ളിൽ താമസിക്കുന്ന ആദിവാസി ഗ്രാമങ്ങളെ ഒഴിവാക്കാനായി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് ഇതൊരവസരമായി കണ്ട് സംസ്‌ഥാന പുതിയ രൂപത്തിൽ ആക്കി ഏറ്റെടുത്തത്. സമരക്കാർ എത്തിയ പ്രദേശത്ത് 168 കുടുംബങ്ങളാണ് അപേക്ഷ നൽകിയത്. അതിൽ വെറും 41 പേർക്കാണ് പണം ലഭിച്ചത്. ആദ്യഘട്ടത്തിൽ ഉൾപ്പെട്ട 33 പേർ ഇനിയും വനാതിർത്തിയോട് ചേർന്ന് കിടക്കുമ്പോഴും അകലെയുള്ളവർക്ക് പണം നൽകിയെന്നാണ് ആരോപണം. ഇവിടെ ഇപ്പോൾ താമസിക്കുന്നവർ വന്യജീവികളുടെ ആക്രമണത്തെ ഭയന്നാണ് കഴിയുന്നത്. ഒരു സിപിഎം നേതാവിന് എതിരെയും ആരോപണം ഉയർന്നിട്ടുണ്ട്. പാർട്ടിയുടെ നേതാവ് സ്വാധീനിച്ച് കമ്മിറ്റി ഉണ്ടാക്കിയെന്നും പ്രത്യേക പരിഗണന ലിസ്റ്റ് തയാറാക്കി പലർക്കും ആദ്യം പണം ലഭ്യമാക്കുന്നതിന് തിരിമറി നടത്തി എന്നുമാണ് ആരോപണം. കൊട്ടിയൂർ പഞ്ചായത്തിൽ നിന്ന് മാത്രം 800 ൽ അധികം അപേക്ഷകളാണ് നിലവിൽ ഉള്ളത്. വന്യ ജീവി ആക്രമണവും നാശ നഷ്ടങ്ങളും കൊണ്ട് പൊറുതി മുട്ടിയാണ് കർഷകർ വനം വകുപ്പിന് ഭൂമികൈമാറി കിട്ടുന്ന പണം വാങ്ങി രക്ഷപ്പെടാനുള്ള ശ്രമം നടത്തുന്നത്. അതിർത്തിയിൽ താമസിക്കുന്നവരെ ആദ്യം മാറ്റണമെന്ന് നിയമ വ്യവസ്‌ഥയുണ്ടായിരിക്കെ ആണ് ഈ ക്രിത്രിമം നടത്തിയതെന്നും നാട്ടുകാർ ആരോപിച്ചു.
It is also alleged that the new ray made to forest the country is artificial. Farmers in Kottiyur besieged the forest range office.